ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങൾ തികഞ്ഞ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെന്നും സ്വന്തം വിശ്വാസവും ജീവിതരീതിയും യാതൊരു തടസവുമില്ലാതെ പിന്തുടരാൻ സാധിക്കുന്നുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ ബോധപൂർവം വ്യാജപ്രചാരണങ്ങൾ നടത്തുന്നതായും മതത്തിന്റെ പേരിൽ ആർക്കും രാജ്യം വിടേണ്ട അവസ്ഥ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ മന്ത്രാലയം സംഘടിപ്പിച്ച "റിഫോംസ് ഉത്സവ്' പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നയങ്ങളെ വിമർശിക്കാമെങ്കിലും വ്യാജപ്രചാരണങ്ങൾ നടത്തരുതെന്ന് റിജിജു കൂട്ടിച്ചേർത്തു.
കേരളത്തിലെ മുനന്പം ഭൂമി തർക്കവിഷയം നിലവിൽ നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഭരണപരമായ വീഴ്ചകൾ കാരണം ഒരു പൗരനും ബുദ്ധിമുട്ടാൻ ഇടവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തർക്കഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിലവിൽ വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽ രജിസ്ട്രേഷനും ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഇപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
രാജ്യത്തെ ഒന്‍പത് ലക്ഷത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ തത്സമയം രേഖപ്പെടുത്താൻ 2025 ജൂണ്‍ ആറിന് ആരംഭിച്ച "ഉമീദ്' പോർട്ടലിൽ 45 ശതമാനത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാനുണ്ട്.
സംസ്ഥാന വഖഫ് ബോർഡുകളുടെ അപാകതകളും രേഖകളിലെ പിഴവുകളും കാരണം പലയിടങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.